അധ്യാപനം ബ്രഹ്മയജ്ഞം പിതൃ യജ്ഞം തു തര്‍പ്പണം
ഹോമോ ദേവാ ബലിര്‍ദൌതൊ നൃയജ്ഞfതിഥിപൂജനം
ദേവാതിഥഭൃത്യാനം പിതൃണാമാത്മനിശ്ചയ:
നിര്‍വപതി പഞ്ചാനാം ഉച്ച്വന്‍ ന സ ജീവതി
ആഹൂതം ച ഹുതം ചൈവ തഥാ പ്രഹുത മേവ ച
ബ്രാഹ്മ്യം ഹുതം പ്രാശിതം ച പഞ്ചയജ്ഞാന്‍ പ്രചക്ഷതെ

പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക,പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുക,ദേവതാ പ്രീതിയ്ക്കായി അഗ്നിയില്‍ ഹവിസ്സ് അര്‍പ്പിക്കുക,പൂജാകര്‍മ്മങ്ങള്‍ ചെയ്യുക,ഇവ ദേവയജ്ഞവും,പക്ഷി മൃഗാദികളെയും സസ്യജാലങ്ങളെയും രക്ഷിക്കുന്നത് ഭൂതയജ്ഞവും,അതിഥികളായി എത്തുന്നവര്‍ക്കും കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്കും സേവനങ്ങള്‍ ചെയ്യുന്നത് മനുഷ്യയജ്ഞവുമാണ്. അതില്‍ പ്രാധാന്യമുള്ളവ ദേവയജ്ഞവും പിതൃയജ്ഞവുമായി പറയുന്നു. ദേവപൂജാദികളാല്‍ ദേവന്മാരെ പ്രീതിപ്പെടുത്തുന്നതുപോലെ പിതൃക്രിയകളാല്‍ പിതൃക്കളും നമ്മെ അനുഗ്രഹിക്കുന്നു.

പുല ആചാരം

ശരീരമുപേക്ഷിക്കുന്ന ആത്മാവ് പ്രേതത്വത്തെ പ്രാപിയ്ക്കുന്നു."പ്രഗതോ ആസ്മാത് ലോകാത് ഇതി പ്രേത:" പഞ്ച ഭൌതികമായ ശരീരത്തില്‍ ആത്മാവിനെ ബന്ധിച്ചു നില്‍ക്കുന്ന പത്തു വായുക്കള്‍ ഓരോ അവയവത്തിലും നിലകൊണ്ട് ഇന്ദ്രിയങ്ങളാല്‍ പ്രവര്‍ത്തിക്കുന്നു.

ഹൃദി പ്രാണ ഗുദേfപാന: സമാനോ നാഭിമന്ധലെ
ഉദാന: കന്ധദേശശ്ച വ്യാന: സര്‍വ്വ ശരീരഗ :
നാഗ: കര്‍മ്മശ്ച കൃകല: ദേവദത്തൊ ധനഞ്ജയ:

1. പ്രാണന്‍ 2. അപാനന്‍ 3. സമാനന്‍ 4. ഉദാനന്‍ 5. വ്യാനന്‍ 6. നാഗന്‍ 7. കര്‍മ്മന്‍ 8.കൃകലന്‍ 9.ദേവദത്തന്‍ 10. ധനഞ്ജയന്‍ ഇങ്ങനെ പത്തു വായുക്കള്‍ നിലകൊള്ളുന്നു. മരണത്തോടുകൂടി ഒന്‍പതു വായുക്കളും വിടുന്നുണ്ടെങ്കിലും ശരീരം നശിക്കാതെ ധനഞ്ജയന്‍ വിടുന്നില്ലെന്നാണ് ആര്‍ഷമതം. ന ജഹാതിമൃതം വാപി സര്‍വ്വ വ്യാപീ ധനഞ്ജയ: അത് വേഗം വിടുവാന്‍ ക്രവ്യാദാഗ്നിയെ പൂജിച്ച് ആ അഗ്നി കൊളുത്തി ശവം ദഹിപ്പിയ്ക്കണം . ദാഹനക്രിയ ചെയ്യുന്നതോടുകൂടി ധനഞ്ജയന്‍ വ്യാപനശീലത്തോടെ സന്താനങ്ങളിലും ബന്ധുക്കളിലും പകരുന്നതാണ് (പുല) ആശൌചത്തിന്‍റെ യാഥാര്‍ത്ഥ്യം. മരിച്ചവരില്‍ നിന്നുണ്ടായ സന്താനങ്ങളിലും സഹോദരി ബന്ധുക്കളിലും മരിച്ചവനില്‍ നിന്നിരുന്ന ധനഞ്ജയാംശവും ഒരുമിയ്ക്കുന്നതുകൊണ്ട് ഈ പ്രക്രിയയില്‍ "അംഘം" വ്യാപിക്കുന്നു. അതുകൊണ്ട് പുല ആചരിച്ച് പിതൃകര്‍മ്മം ചെയ്ത് പ്രേതത്തെ പിതൃവാക്കി ശുദ്ധി വരുത്തണമെന്ന് പൂര്‍വ്വാചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നു.


പിതൃക്കളുടെ ദിനദൈര്‍ഘ്യം

ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുന്നഭൂമിയുടെ ഉപഗ്രഹമാണല്ലോ ചന്ദ്രന്‍ . ചന്ദ്രന് ഭൂമിയെ ചുറ്റുകയെന്ന പരിക്രമണ ചലനവും കൂടാതെ സ്വയം ഭ്രമണ ചലനവും ഉണ്ട് . പരിക്രമണകാലവും സ്വയം ഭ്രമണകാലവും സമാനമാകയാല്‍ പരിക്രമണദ്വാരാ ഒരു ഡിഗ്രി കോണ്‍ ഉണ്ടാകുമ്പോള്‍ സ്വയം ഭ്രമണദ്വാരാ ആയും ഒരു ഡിഗ്രി കേന്ദ്രകോണ്‍ ഉണ്ടാകുന്നു. ഇതുമൂലം ഭൂസ്ഥര്‍ക്ക് ചന്ദ്രന്‍റെ ഒരേ ഭാഗം മാത്രമേ ദൃശ്യമാവുന്നുള്ളൂ. ചന്ദ്രന്‍റെ അപരഭാഗം ഒരിക്കലും ഭുസ്തര്‍ക്ക്ദൃശ്യമാകുന്നില്ല. ചന്ദ്രന്‍റെ അപരഭാഗം ഒരിക്കലും ഭുസ്തര്‍ക്ക് ദൃശ്യമാവുന്നില്ല. ഇങ്ങനെ ഭൂസ്ഥര്‍ക്ക് അദൃശ്യമായ അപരഭാഗത്താണ് പിതൃക്കളുടെ വാസം . "വിധുര്‍ധ്വഭാഗെ പിതരോ വസന്ഥ " എന്ന് സിദ്ധാന്താശിരോമണി ത്രിപ്രശ്ന വാസനാ ഗോളദ്ധ്യായം പതിമൂന്നാം ശ്ലോകത്തില്‍ പ്രസിദ്ധ ജോതിശാസ്ത്രകാരനായ ഭാസ്കരാചാര്യര്‍ പറയുന്നു. അമാവാസി ദിനത്തില്‍ ചന്ദ്രന്‍ സുര്യനും ഭുമിക്കും മദ്ധ്യേ വരുന്നു . ചന്ദ്രന്‍റെ ഭൂമ്യഭിമുഖഭാഗത്ത് സൂര്യരശ്മി പതിക്കുന്നെയില്ല. അങ്ങിനെ അന്ന് ഭൂസ്ഥര്‍ക്ക് ചന്ദ്രന്‍ അദൃശ്യനായി തീരുന്നു. എന്നാല്‍ ചന്ദ്രന്‍റെ ഭൂമ്യഭിമുഖമല്ലാത്ത അപരഭാഗത്ത് സൂര്യരശ്മി ചെങ്കുത്തായി തന്നെ പതിക്കുന്നു. ആ ഭാഗത്ത് വസിക്കുന്ന പിതൃക്കള്‍ക്ക് അന്ന് നട്ടുച്ചയായി തീരുന്നു. അടുത്ത അമാവാസി ദിവസത്തില്‍ മാത്രമേ വീണ്ടും അവര്‍ക്ക് നട്ടുച്ച ഉണ്ടായി തീരുകയുള്ളൂ . നാട്ടുച്ചയില്‍നിന്ന് അടുത്ത നട്ടുച്ചയിലേക്ക് ഒരു ദിവസം എന്നാണല്ലോ അനുഭവം. അങ്ങിനെ രണ്ട് അമാവാസിള്‍ക്കിടയില്‍ ഭൂസ്ഥര്‍ക്ക് അനുഭവമായ മുപ്പത് ദിവസം ചന്ദ്രസ്ഥരായ പിതൃക്കള്‍ക്ക് ഒരു ദിവസം മാത്രമത്രേ. അപ്പോള്‍ അമാവാസികള്‍ തോറുമുള്ള പിതൃബലി പിതൃക്കള്‍ക്ക് നിത്യേനയുള്ള ഉച്ചഭക്ഷണമായിതീരും. ഇതേ അടിസ്ഥാനത്തില്‍ മൃതിയെത്തുടര്‍ന്നു പന്ത്രണ്ടാം മാസം കഴിയും വരെ ഓരോ മാസത്തിലും വരുന്ന മൃതി ദിന തിഥി തോറും നടത്തുന്ന "എടമാസ ശ്രാദ്ധം" പ്രേതത്മാവിനു നിത്യഭക്ഷണമായിതീരുന്നു. പന്ത്രണ്ടാം മാസത്തെ ക്രിയാ ബഹുലമായ ചടങ്ങുകള്‍ വഴി പ്രേതാത്മാവിനു പിതൃ പദവി ലഭിക്കുന്നു. പിതൃക്കളും ദേവന്മാരും ഇടപഴകി വസിക്കുന്നവരാകയാല്‍ ദേവന്മാരുടെ കാലഗണന തന്നെയാണ് പിതൃക്കള്‍ക്കും . ദേവന്മാര്‍ക്കാകട്ടെ ഒരു ദിവസക്കാലം ഭൂസ്ഥരുടെ മുന്നൂറ്ററുപതു ദിവസക്കാലത്തിനു തുല്യമാണ്. അതായത് മനുഷ്യരുടെ ഒരു കൊല്ലം പിതൃ പദവി ലഭിച്ചവര്‍ക്ക് ഒരു ദിവസം എന്നു വരുന്നു. എങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമൂട്ടുന്ന ശ്രാദ്ധം അവര്‍ക്ക് നിത്യേനയുള്ള ഭക്ഷണം തന്നെയായിതീരുമല്ലോ.ഇങ്ങനെ നോക്കുമ്പോള്‍ ശ്രാദ്ധകാല സംവിധാനങ്ങള്‍ തികഞ്ഞ ജ്യോതിശാസ്ത്രാടിസ്ഥാനത്തിലാണ് നിര്‍ണ്ണയിക്കപ്പെട്ടത്‌ എന്നു വ്യക്തമാവുന്നു. ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷത്തേക്ക് മാസന്തോറും മരിച്ച നാളിലും അമാവാസിക്കും മക്കളോ ബന്ധുക്കളോ നടത്തുന്ന ശ്രാദ്ധം , ബലി, ദാനം, ഹോമങ്ങളിലൂടെ മാത്രമേ പ്രേതാവസ്ഥയില്‍നിന്നും ആത്മാവിനെ പിതൃതലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയൂവെന്നാണ് ആചാര്യമതം.

പ്രേതവും പിതൃവും

മരണമടഞ്ഞയാളിന്‍റെ ശരീരത്തിലുണ്ടായിരുന്ന ജീവന്‍ (ആത്മാവ്) ആണ് പ്രേതം എന്നറിയപ്പെടുന്നത്. പ്രേതത്തെ പിതൃതലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കാലാവധി ഒരു വര്‍ഷമാണ്‌‌. മരിച്ച ആളിന്‍റെ മൂത്തമകന്‍/ മക്കളില്‍ ആരെങ്കിലും ഒരാള്‍/ ബന്ധുക്കളില്‍ ഒരാള്‍ ശവസംസ്കാരത്തിനു പിറ്റേന്ന് മുതല്‍ കാലത്ത് വ്രത ശുദ്ധിയോടെ പിണ്ഡം ഉരുട്ടി ബലി ഇടണം. ഈ കര്‍മ്മം ഷോഡശ ക്രിയ അനുഷ്ടിക്കുന്ന ബ്രാഹ്മണര്‍ക്ക് പന്ത്രണ്ട് ദിവസവും മറ്റുള്ളവര്‍ക്ക് പതിനാറ് ദിവസവും തുടരണം. പതിനാറാം നാള്‍ ശ്രാദ്ധമൂട്ടിയുള്ള ബലി വേണം നടത്താന്‍. അതേപോലെ ഇരുപത്തിയെട്ടാം ദിവസവും നല്പത്തിയൊന്നാം ദിവസവും ശ്രാദ്ധമൂട്ടിയുള്ള ബലിയാണ് നടത്തേണ്ടത്. തുടര്‍ന്ന് മാസന്തോറും അമാവാസി/ മരിച്ച നക്ഷത്രം / തിഥി എന്നിവയിലേതെങ്കിലും ഒന്നിന് പിണ്ഡം ഉരുട്ടിയുള്ള ബലി ഒരുവര്‍ഷം തുടര്‍ന്നിട്ടാണ് ശ്രാദ്ധമൂട്ടിയുള്ള ആണ്ട് ബലി നടത്തുക. അപ്പോള്‍ മാത്രമെ പ്രേതം പിതൃ ആകുന്നുള്ളൂ. അവിടെനിന്നും പിതൃസ്വര്‍ഗ്ഗത്തിലെക്കോ മോക്ഷത്തിലെക്കോ കടക്കുന്നതായി സങ്കല്‍പം. ബലികര്‍മ്മം നടത്തുന്നയാള്‍ ഒരു വര്‍ഷത്തേക്ക് ലഹരിവസ്തുക്കള്‍ വര്‍ജ്ജിച്ച് താടിമുടി വളര്‍ത്തി ദീക്ഷയെടുക്കേണ്ടതും സസ്യാഹാരം മാത്രം കഴിച്ച് വ്രതത്തോടെ ജീവിക്കേണ്ടതുമാണ്. ശുദ്ധിയുള്ള സ്ഥലത്ത് ചാണകം മെഴുകി വേണം പിണ്ഡസമര്‍പ്പണം നടത്താന്‍. ശേഷം വര്‍ഷത്തില്‍ തുലാം, കുംഭം, കര്‍ക്കിടക അമാവാസിക്കും മരിച്ചനാളിനും ബലിസമര്‍പ്പിച്ചാല്‍ മതിയാകും. ഇതോടൊപ്പം കഴിവിനനുസരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് അന്നം, വസ്ത്രം, ധനം, ദാനം ചെയ്യേണ്ടതുമാണ്.

പിതൃഗുണ /ദോഷങ്ങള്‍

ഇത്തരത്തില്‍ ചെയ്യുന്ന കര്‍മ്മത്തിന്‍റെ ഫലമായി പിതൃ തൃപ്തനായാല്‍ ആ കുടുംബത്തില്‍ സല്‍സന്താനലബ്ദി, ദീര്‍ഘായുസ്സ്, സമ്പത്ത്, ഐശ്വര്യം എന്നിവ ഉണ്ടാകുന്നതാണ്. പ്രേതം പിതൃ ആകുന്നില്ലെങ്കില്‍ മാനസികരോഗം, സന്താനഭാഗ്യനഷ്ടം, അകാലമരണം, അപകടമരണം, ആത്മഹത്യ, സാമ്പത്തികനഷ്ടം, കുടുംബത്തില്‍ ഐശ്വര്യമില്ലായ്മ ഇവയൊക്കെ വരാനിരിക്കുന്ന ഏഴ് തലമുറകളെവരെ ബാധിക്കാമെന്നാണ് ആചാര്യമതം.

പിതൃകര്‍മ്മഫലം

മരണാനന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ മരിച്ചയാളിനെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നവര്‍ ധാരാളമായിട്ടുണ്ട്. സ്വാധീനിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. കര്‍മ്മം നടത്തുന്നയാളിനോട് മരിച്ചയാളിന് ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന സ്നേഹബന്ധങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഫലസിദ്ധി. ഓരോ ജീവന്‍റെയും ഉത്ഭവവും ഓരോരുത്തരുടെയും മരണാനന്തരം ജീവന്‍ (ആത്മാവ്) ലയിക്കുന്നതും ഈ പ്രപഞ്ചത്തില്‍ തന്നെയാണ്. ഉദാ:- (1) അന്യഭൂഖണ്ധമായ അമേരിക്കയില്‍ ഇരുന്ന് ഒരു ഭക്തന്‍ ഇങ്ങ്‌ കേരളത്തില്‍ ഗുരുവായൂരില്‍ കുടികൊള്ളുന്ന ഇഷ്ടദേവനെ വിളിച്ച് പ്രാര്‍ത്ഥിച്ച് ആഗ്രഹനിവൃത്തി വരുത്തുന്നില്ലേ? (2) 60 ദിവസം കൊണ്ട് 5 കോടി വിശ്വാസികള്‍ എത്തി തങ്ങളുടെയെല്ലാം സങ്കടത്തിന്‌ പരിഹാരം കണ്ട് മടങ്ങുന്ന ശബരിമലയില്‍ പ്രതിഷ്ടിച്ചിരിക്കുന്ന വിഗ്രഹം മന്ത്രതന്ത്ര പൂജയാല്‍ ചൈതന്യ പൂര്‍ണ്ണമായി നിലനിര്‍ത്തുന്നത് മനുഷ്യര്‍തന്നെ അല്ലേ? (3) രണ്ടായിരം വര്‍ഷം മുന്‍പ്ജീവിച്ച് ജീവത്യാഗം ചെയ്ത് ആത്മാവിനെ പ്രകൃതിയില്‍ ലയിപ്പിച്ച ക്രിസ്തുവിന് പ്രാര്‍ത്ഥിച്ച് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികള്‍ ആഗ്രഹപൂര്‍ത്തീകരണം വരുത്തുന്നില്ലേ? (4 ) യാതൊരു രൂപഭാവങ്ങളും മനസ്സില്‍ സങ്കല്പിക്കാതെ അല്ലാഹുവിനെ പ്രാര്‍ത്ഥിച്ച് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലീങ്ങള്‍ ആത്മശാന്തി വരുത്തുന്നില്ലേ? (5) ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത കേട്ട് അറിവുമാത്രമുള്ള സെക്കണ്ടില്‍ 100 കണക്കിന് കി.മീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാല്‍ പോലും നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം എത്തിച്ചേരാന്‍ കഴിയുന്ന അന്യഗ്രഹത്തിലേക്ക് യാതൊരു പിഴവും കൂടാതെ അയച്ച ഉപഗ്രഹങ്ങളെ അവിടെയെത്തിച്ച് ഇരുപത്തിയഞ്ചില്‍ കുറയാത്തവര്‍ഷം അവിടെ നിലനിര്‍ത്തി ഫോട്ടോകള്‍ എടുത്ത് ഭൂമിയിലേക്ക്‌ അയപ്പിക്കുന്ന സാങ്കേതിക വിദ്യയുടെ ഉപജ്ഞതാക്കളും മനുഷ്യരാണന്നത് സത്യമല്ലേ? ഇത്തരത്തിലുള്ള അത്ഭുതങ്ങള്‍ കാണിക്കാനുള്ള സിദ്ധിയും കഴിവും മനുഷ്യന്‍റെ ബുദ്ധിക്കും മനസ്സിനും തലച്ചോറിനും ആത്മീയതയ്ക്കും കഴിയുന്നുവെങ്കില്‍പിതൃകര്‍മ്മ ഫലസിദ്ധിയുടെ കാര്യത്തില്‍ മാത്രം എന്തിനു ആശങ്കപ്പെടണം.

നവ ഭാരതീയ ധര്‍മ്മങ്ങള്‍

1) മാതാപിതാക്കളെ അനുസരിക്കുക
2) ഗുരുക്കന്മാരെ വന്ദിക്കുക
3) ദൈവത്തെ ആരാധിക്കുക
4) പ്രകൃതിയെ സംരക്ഷിക്കുക
5 ) സഹജീവികളെ സ്നേഹിക്കുക
6) സമൂഹത്തെ സേവിക്കുക
7) സ്വന്തമായി അധ്വാനിച്ച് ജീവിക്കുക
8) അഹിംസയും ലഹരിവര്‍ജ്ജനവും സസ്യാഹാര ഭോജനവും ജീവിത വ്രതമാക്കുക
9) രാജ്യ സേവകരെയും കര്‍ഷകരെയും ബഹുമാനിച്ച് ആദരിക്കുന്നത് ശീലമാക്കുക

എല്ലാപേര്‍ക്കും മോക്ഷം ലഭിക്കുന്ന സ്ഥലം നന്ദി മഹര്‍ഷിമാര്‍ക്ക് ഉപദേശിച്ച കഥ :

ഒരിക്കല്‍ കൈലാസത്തിലെ മണ്ഡപത്തില്‍ കുര്‍ശന്‍, സകടായന്‍, അഗസ്ത്യന്‍, വൈശം, ബായനന്‍, വ്യാഘ്രപാദര്‍, സനകാദികള്‍, വ്യാസന്‍, പതഞ്‌ജലിമഹര്‍ഷി എന്നിവര്‍ നന്ദിദേവനുചുറ്റും കൂടിയിരിയ്ക്കെ തങ്ങള്‍ക്ക് മുക്തിമാര്‍ഗ്ഗം പ്രാപിക്കാനുള്ള വഴി പറഞ്ഞുതരാന്‍ അപേക്ഷിച്ചു. നന്ദിദേവന്‍ ഇങ്ങനെ മറുപടി പറഞ്ഞു. കാവേരി, കൃഷ്ണ, ഗോദാവരി, ഗംഗ, വേഗവതി, സരയു, യമുന, താമ്രപര്‍ണ്ണി എന്നിങ്ങനെ പുണ്യനദികള്‍ പലതുണ്ട്. ഈ നദികളില്‍ തീര്‍ഥസ്നാനം ചെയ്യുന്നവരുടെ പാപങ്ങള്‍ അകലും. കാശി, തിരുവാരൂര്‍, വിരുതാചലം, തിരുകേദാരം, കാഞ്ചിപുരം, കാളഹസ്തി, ശീര്‍കാഴി, ചിദംബരം, തിരുവിടൈമരുതൂര്‍, കുംഭകോണം, ത്രിശിരപുരം എന്നിവ വേദങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെട്ടവയാണ്. മധുര, രാമേശ്വരം എന്നീ പുണ്യ സ്ഥലങ്ങള്‍ ജന്മ ദുരിതം അകറ്റാന്‍ കഴുവുള്ളവയാണ്. ഇത്തരം പുണ്യ സ്ഥലങ്ങളില്‍ ജനിക്കുകയോ അവിടെ മരിക്കുകയോ, അവിടങ്ങളിലെ തീര്‍ഥങ്ങളില്‍ നീരാടിയാലോ , ശിവന് അമ്പലം പണിതാലോ ശിവാനുഗ്രഹവും മുക്തിയും നേടാം . ഇതുകേട്ടപ്പോള്‍ മാര്‍ക്കണ്ഡേയമുനി ചോദിച്ചു. നന്ദീശ്വരന്‍ പറഞ്ഞ കാര്യം അവിടെയൊക്കെ പോകാനും ആരാധന നടത്തുവാനും എല്ലാപേര്‍ക്കും കഴിയുകയില്ല. ആയതിനാല്‍ എല്ലാവര്‍ക്കും കഴിയുന്ന ഒരു മാര്‍ഗം പറഞ്ഞുതന്നാലും. " മഹര്‍ഷേ താങ്കള്‍ ചോദിച്ച പ്രകാരം സകലര്‍ക്കും എളുപ്പം ശിവാനുഗ്രഹം ലഭിക്കുന്ന ഒരിടമുണ്ട്‌. ആ സ്ഥലത്തിന് ഗൌരീനഗരം, വായുനഗരം, മുക്തിനഗരം, ജ്ഞാനനഗരം, പരിശുദ്ധ നഗരം, ദക്ഷിണ കൈലാസം, ശോണമല എന്നിങ്ങനെ പല പേരുകള്‍ ഉണ്ട്. ഇഹവും പരവും എന്നുണ്ടായോ അന്നുണ്ടായതാണ് ആ സ്ഥലങ്ങളും. അവിടെ ഒരിക്കലും നശിക്കാത്ത ഒരു മലയുണ്ട്. ആ മലതന്നെ ആ നഗരത്തിന് ശിവലിംഗമായി വര്‍ത്തിക്കുന്നു. സിദ്ധികള്‍, ജ്ഞാനികള്‍ , മഹര്‍ഷികള്‍, മോക്ഷം കാംഷിക്കുന്നവര്‍ എന്നിങ്ങനെ എല്ലാ പേരും ആ മലയെ ശിവലിംഗമായി കണ്ട് ആരാധിച്ച് പ്രകീര്‍ത്തിച്ച് പോരുന്നു. കൃതയുഗത്തില്‍ അഗ്നിമലയായും ത്രേതായുഗത്തില്‍ മാണിക്യമലയായും കലിയുഗത്തില്‍ കല്ലുമലയായും രൂപം കൊണ്ടിട്ടുള്ള അണ്ണാമല എന്ന ആ മലയ്ക്ക് ചുവട്ടില്‍ അര്‍ക്കമലയും ഒരെണ്ണമുണ്ട്. ഈ മലയില്‍ ഇരുന്നുകൊണ്ടാണ് ഇന്ദ്രന്‍ ഈശ്വരനെ പൂജിക്കുന്നത്. തെക്കുഭാഗത്തുള്ള മലയില്‍ യമന്‍ ശിവന് അര്‍ച്ചന ചെയ്തു വണങ്ങുന്നു. ' പടിഞ്ഞാറുള്ള ദണ്ഡമലയില്‍ വാഴുന്ന വരുണനും, വടക്കുഭാഗത്തുള്ള ശൂലമലയില്‍ കുബേരനും പരംപൊരുളിനെ വണങ്ങുന്നു. വിഷ്ണുവും ബ്രഹ്മനും കാര്‍ത്തിക നക്ഷ്ത്രനാളില്‍ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഇവിടെ ഈശ്വരന് പൂജ നല്‍കുന്നു. ചിദംബരം, കാശി എന്നിവിടങ്ങളിലും മുക്തി നല്കുന്നയിടം തന്നെ. എങ്കിലും അവിടെ പോകാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ അണ്ണാമല എവിടെയാണെങ്കിലും മനസിലോര്‍ത്താല്‍ മതി മുക്തി ലഭിക്കും. അവിടെയുള്ള എല്ലാ കല്ലുകളും ശിവലിംഗങ്ങളാണ്. അണ്ണാമലയെ സ്മരിക്കാത്തവര്‍ക്ക് മുക്തിയില്ല. ഒരു ചെടിയുടെ വേരില്‍ വെള്ളമൊഴിച്ചാല്‍ അതിന്‍റെ എല്ലാ ഭാഗത്തും വെള്ളം എത്തും എന്നപോലെ അരുണാചല (അണ്ണാമല) ത്തില്‍ നല്ല വിധം പൂജ നടത്തിയാല്‍ എല്ലാ നാട്ടിലും, എല്ലാ ദേവന്മാര്‍ക്കും പൂജ നടത്തിയതായി കരുതാം. ഇത്രയും സവിശേഷതയുള്ള സ്ഥലം മറ്റൊന്നില്ല എന്നു പറഞ്ഞ് നന്ദിദേവന്‍ വിവരണം പൂര്‍ത്തിയാക്കി.